എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ദരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു.
" നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു " എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം.
നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍ കല അനുകരണമായി മാറുന്നു. ചിത്രകാരന്‍ മനുഷ്യനെ വരക്കുമ്പോള്‍ അത് അനുകരണം. കവി മറ്റൊരാള്‍ എഴുതുന്ന മാതൃക പിന്തുടരുമ്പോള്‍ അനുകരണം. എങ്കില്‍ കവിത എങ്ങനെ ആകണം? നമുക്കൊരു ബീജം കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ എഴുതാം എന്ന് ചിന്തിക്കുകയാവാം. അങ്ങനെ വരുമ്പോള്‍ ആ ചിന്ത കവിത ഉണ്ടാവുക എന്നതില്‍ നിന്നും കവിത ഉണ്ടാക്കുക എന്ന തലത്തില്‍ എത്തില്ലേ? അറിയില്ല.
എന്റെ അനുഭവം ഇതാണ്, എന്തോ എന്നില്‍ നിറയുക.. അത് ഞാന്‍ പോലും അറിയാതെ കടലാസ്സിലേക്ക് ഒഴുകി വരിക. അവിടെ ഞാനും കടലാസ്സും തൂലികയും മെറ്റീരിയല്‍ മാത്രം. ആ ഒഴുക്കിന് ഇറങ്ങി വരാനുള്ള നിമിത്തം മാത്രം. അവിടെ ഞാന്‍ ആരുമാല്ലാതെയാകുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ശാന്തി. പിന്നെ പുനര്‍വായന, . അവിടെ ചില വെട്ടി തിരുത്തലുകള്‍ നടക്കുന്നു. അവിടെ ഞാന്‍ നിമിത്തം അല്ല, ഒരു ആശാരിയെ പോലെ മരം മുറിച്ചു ചിന്തേര് തള്ളുന്ന ജോലിയിലാണ്. അങ്ങനെ കിട്ടുന്ന സൃഷ്ടി ആദ്യം ഉണ്ടായതില്‍ നിന്നും അല്‍പ്പം മാറിയിരിക്കും. അത് കവിതയോ മറ്റു സാഹിത്യ സൃഷ്ട്ടിയോ, എന്തുമാകട്ടെ. അറിഞ്ഞിടത്തോളം വെറും വാക്കുകള്‍ പെറുക്കി വയ്ക്കലല്ല കവിത.

ഒരു കവിത ഒന്നില്‍ കൂടുതല്‍ കവിതയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കവി നിര്‍ത്തിയിടത്ത് നിന്നും മറ്റൊരു രചന വായനക്കാരില്‍ ഉണ്ടാകുന്നുണ്ട്. ഒരു ബിംബം മറ്റു പലതായി അടയാളപ്പെടുത്തുകയും. അങ്ങനെ ഇരിക്കെ കവിത എങ്ങനെ ആകണം; എന്താണ് എന്ന് പറയാന്‍ കഴിയാതെയാകുക. ഷെല്ലിക്ക് ഷെല്ലിയുടെ പാത ശരിയാകുന്നിടത്തു കീട്ട്സിനു കീട്ട്സിന്റെതാണ് ശരി. ഓ.എന്‍.വിയുടെ ആവിഷ്കാരമല്ല മറ്റൊരാളുടെ. എന്ന് കരുതി രണ്ടും തെറ്റ് എന്ന് നമുക്ക് രേഖപ്പെടുത്താന്‍ ആകില്ല. ഒരെകാലഘട്ടത്തെ രണ്ടാള്‍ അവരുടെ കാഴ്ചപാടിന് അനുസരിച്ച് അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ ചുവടു പിടിച്ചു രചനയില്‍ ഏര്‍പ്പെടുന്നു. അവിടെ നേരിന്റെയും നെറികേടിന്റെയും എഴുത്തുണ്ട്.
ആത്യന്തികമായി കവിത ഉണ്ടായ ശേഷമാണ് നിയമം ഉണ്ടായത് എന്ന് ധരിച്ചേ പറ്റൂ. അല്ലാതെ എന്നെങ്കിലും ഉണ്ടായേക്കാവുന്ന കവിതയ്ക്ക് വേണ്ടി നിയമ നിര്‍മാണമില്ല. അതുകൊണ്ട് നാം കവിതയെ ഉള്‍കൊള്ളുക. അനുഭവിക്കുക. ഒരു സൃഷ്ടി വായിപ്പിക്കുന്നതിനേക്കാള്‍ എത്രയോ ക്ലേശമാണ് അനുഭവിപ്പിക്കുന്നത്. യാതൊന്നു അനുഭവിപ്പിക്കപ്പെടനമോ അവിടെ ഹൃദയം ഉണ്ടാവണം. എഴുത്തുകാരന്റെ ഹൃദയം അക്ഷരങ്ങളിലൂടെ മൌനമായി വായനക്കാരിലേക്ക് ഒഴുകി ചെല്ലുകയാണ്.
നിയമം വെടിയുക. ഏതെങ്കിലും ഒരു നിയമം അനുസരിച്ച് എഴുത്ത് തുടങ്ങിയാല്‍ സ്വതന്ത്രമായ ഒരു രചന നടക്കില്ല. നിയമം തന്നെയാണ് ചട്ടക്കൂടും. സൃഷ്ടി പൂര്‍ണം ആകുന്നതോടെ അതിന്റെ അവകാശി വായനക്കാരന്‍ ആകുന്നു. എഴുത്തുകാരന്‍ പ്രജാപതി ആകുമ്പോള്‍ തന്നെ വായനക്കാരനും അതെ വേഷം അണിയുന്നുണ്ട്. ഇതിനിടയിലാണ് നിരൂപകന്റെ വേഷം. ഇവിടെ നിരൂപകന്‍ എന്നത് ഉത്പാദകനും ഉപഭോക്താവിനും ഇടക്കുള്ള ആ വേഷമാണ്. അവിടെ ആ മധ്യവര്‍ത്തി സൃഷ്ടിയെ തന്റെ ഇംഗിതത്തിനൊത്ത് കച്ചവടം ചെയ്യുന്നു.. ഏതൊരു സൃഷ്ടിയും ഇടനിലക്കാരന്റെ സഹായമില്ലാതെ ഉപഭോക്താവിന്റെ ഹൃദയത്തിലേക്ക് എത്തേണ്ടതാണ്. അവിടെയാണ് സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും വിജയം.


ബസ്സിന്റെ ചവിട്ടു പടിയില്‍ വെറുതെ നോട്ടം. ഏതെല്ലാം കാല്പാടുകള്‍ പതിഞ്ഞു മാഞ്ഞിട്ടുണ്ട്. അകത്ത് ഏതെല്ലാം ഉടലുകള്‍ സഞ്ചരിക്കുകയും. സഞ്ചാരങ്ങള്‍ മാഞ്ഞിട്ടുണ്ട്, സഞ്ചാരികളും.
മുകളില്‍ കമ്പിയില്‍ തൂങ്ങിയ കൈകളില്‍ പലതിലും ഘടികാരം ഉണ്ടായിരുന്നു. ഘടികാരത്തിന്റെ ഭംഗിയും മികച്ച മോഡലുകളും നിര്‍മിത കേന്ദ്രങ്ങളും തിരഞ്ഞു പോയ മനസ്സുകള്‍ .. ഘടികാരത്തിന്റെ സ്പന്ധന്ദനം ഏറ്റുവാങ്ങിയവര്‍ ... മുഷിഞ്ഞതും നടക്കാതെ ആയതും തെരുവില്‍ എറിഞ്ഞവര്‍ ...
ചലനമറ്റൊരു ഘടികാരം എന്റെ ചുവരില്‍ തൂങ്ങുന്നുണ്ട്. മാറാമ്പല്‍ പിടിച്ചിരിക്കുന്നു. നിന്ന സമയം ഏഴ് മുപ്പത്തഞ്ചെന്നു തുടരെ ഓര്‍മിപ്പിക്കുകയും...
ഞാന്‍ അത് കേള്‍ക്കുന്നില്ല. വന്നു മടങ്ങുന്നവരില്‍ ചിലര്‍ ഘടികാരം കണ്ടു നില്‍ക്കുന്ന സമയം ഏതെന്നു അബദ്ധത്തില്‍ പെടുന്നു.
ചിലര്‍ അതൊന്നു ശരിപ്പെടുത്താന്‍ ഉപദേശിക്കുകയും..
ഞാനിന്നു ഘടികാരം പറയുന്നത് എന്ന തലക്കെട്ടില്‍ എന്തൊക്കെയോ എഴുതുന്നു. എന്റെ ഘടികാരം എന്റെ ഹൃദയമിടിപ്പായി വായിക്കാതെ. എന്തിനു കടന്നു പോകുന്ന ഓരോ നിമിഷവും നഷ്ടങ്ങള്‍ തന്നെ എന്നോര്‍മിക്കാതെ...
ഞാനെന്തൊക്കെയോ പണികളിലാണ്. കഥകളോ കവിതകളോ എന്ന് തിട്ടമില്ലാത്ത ഏതെല്ലാമോ വരികളിലാണ്. ഓരോ വരിയും പുതുക്കി പണിയണമെന്നുണ്ട്. ജീവിതം പുതുക്കി പണിയാന്‍ ഒരുങ്ങുന്നില്ലെങ്കിലും...


കൊച്ചി മെട്രോ നാല് വര്ഷത്തിനകം...
നടക്കുമോ ഇല്ലല്ലയോ? നടക്കണം. അല്ലെങ്കില്‍ വാഹനങ്ങള്‍ തോളില്‍ വച്ച് നടക്കേണ്ട ഗതികേട് കൊച്ചീക്കാര്‍ക്ക് ഉണ്ടാവും...
നടക്കേണ്ടി വരും, പിന്നെ നിരങ്ങേണ്ടി വരും. കൊച്ചി എം.ജി. റോഡിനു നൂറു മീറ്റര്‍ വീതി വേണമെന്ന് അക്കാലത്ത് സഹോദരന്‍ അയ്യപ്പന്‍ വാദിച്ചു എന്ന് കേട്ടിട്ടുണ്ട്. അക്കാലത്തെ മൂരാച്ചികള്‍ പറഞ്ഞത്രേ, ഛെ,, എന്ന്,,, മുന്നോട്ട് നോക്കുന്നവനെ ഇടം കാല്‍ വച്ച് വീഴ്ത്തുന്ന പരിപാടി മലയാളിക്ക് പണ്ടേ ഉള്ളതാണ്... ജാത്യാലുള്ളതു തൂത്താല്‍ പോകില്ലെന്ന് ചില വിവരംകെട്ട പഴം ചൊല്ലുണ്ട്...
പഴം ചോല്ലുണ്ടാക്കിയ കാരണവന്മാര്‍ മണ്ടന്മാര്‍ .. അവര്‍ ജീവിക്കാന്‍ യോഗ്യരല്ലാത്തത് കൊണ്ട് മൂത്ത് കഴുത്തു മുന്നോട്ടു വളയുന്ന മുറക്ക് വയസ്സ സദനങ്ങളില്‍ കൊണ്ട് പോയി തള്ളാം. എ.ഡി.ബി. പോലുള്ള മാരക വിഷങ്ങള്‍ നമ്മെ കാര്‍ന്നു തിന്നുന്നു..
അമ്മ കുടിക്കാന്‍ വച്ച വെള്ളത്തില്‍ ഭാര്യയുടെ വാക്ക് കേട്ട് മൂത്രം ഒഴിച്ച മകനെ കണ്ടിട്ടുണ്ട്. അമ്മ മകനെതിരെ കേസ് കൊടുത്ത്. മകന്റെ ഉടലില്‍ പോലീസ് നിരങ്ങുകയും.തുടര്‍ന്ന് കൊടും ശത്രുത. മകന്റെ പേര് അമ്മ റേഷന്‍ കാര്‍ഡില്‍ നിന്നും വെട്ടി. ഒരേ വീട്ടില്‍ രണ്ടടുപ്പായി തിരിഞ്ഞവര്‍ ... ഞാനൊരു ഉപദേശി അല്ലാതിരുന്നിട്ടും, എന്നാല്‍ കഴിയുന്ന വാക്കുകളില്‍ രണ്ടിനെയും ഉപദേശിച്ചു...
മകനെ നീ മകനാവുന്നു. നിന്നെ പെറ്റ വയറല്ലേ അത്, നിനക്കും ഇല്ലേ മക്കള്‍ .. നാളെ അവര്‍ നിന്നെക്കാള്‍ വാശിയോടെ നിനക്കെതിരെ തിരിയും.
ആ തള്ള ചാവട്ടെ എന്ന് മകന്‍ ...
തള്ളയും മകന്റെ വാശിയോടെ..
രണ്ടു വാശികള്‍ അങ്ങനെ നിന്ന് എതിരിട്ടു കൊണ്ടിരിക്കുന്നു...


പ്രണയം മഴക്കിനാവിലേക്കുള്ള പൂമ്പാറ്റയുടെ സഞ്ചാരമെന്നു നീ ... മഴയുടെ ചില്ലുജാലകങ്ങള്‍ തോറും മങ്ങുന്ന മുഖം, ആത്മാവിന്റെ നേര്‍പകര്‍പ്പ്.. കാടച്ചു പെയ്യുന്ന മഴയുടെ തുടുപ്പ് പ്രണയിയുടെ കവിളില്‍ ...
നോക്കുമ്പോള്‍ നോട്ടം പോരാതെയാവുന്നു. കാഴ്ച ഒന്ന് പെരുത്തെങ്കില്‍ എന്നാശ. അല്ലെങ്കില്‍ കണ്ണിനു കാഴ്ച കുറഞ്ഞോ എന്ന് ശങ്ക.
സഞ്ചാരത്തിന്റെ ഏത് ഇടവഴിയിലാണ് കാഴ്ചപ്പാട് മാറിയത്?‌ അറിയില്ല.
പ്രണയം അനുഭവിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ ക്ഷൌരം ചെയ്യാതെയായി. ആരാധനാലയത്തിലേക്കുള്ള പാത മറന്നു... ചങ്ങാതിമാരെ വെടിഞ്ഞു. എന്തിന് പ്രണയത്തെ വര്‍ണിക്കാന്‍ പോലും പദങ്ങള്‍ കിട്ടാതായി...
പാതിരാത്രിയില്‍ ഖബറുകള്‍ക്കിടയില്‍ ഉറങ്ങാതിരുന്നു... ഖബര്‍ , മരിച്ചു മണ്ണടിഞ്ഞവരുടെ സുഖവാസ കേന്ദ്രമെന്ന സങ്കല്‍പ്പത്തെ തകര്‍ത്തുകൊണ്ട് അരങ്ങേറുന്ന രംഗങ്ങള്‍ . പ്രണയിക്കാതെ ജീവിതം തുലച്ചവരെ മാലാഖമാര്‍ ഇരുമ്പ് ദണ്ടുകൊണ്ട് പ്രഹരിക്കുന്നത്... ഭയന്ന് തലങ്ങും വിലങ്ങും പാഞ്ഞ റൂഹാനിക്കിളികളുടെ ചിറകടിയും... രംഗം വല്ലാതെ ഭീകരമായി. ഞാന്‍ ഭയന്നില്ല. എനിക്ക് കൂട്ടിനു പ്രണയം ഉണ്ടല്ലോ.
പകലുകളില്‍ കണ്ടവരെയൊക്കെ ഉപദേശിച്ചു; പ്രണയിക്കാതിരിക്കരുതെന്നു യാചിച്ചു... ഓത്തുപള്ളിയിലെ ഉസ്താദ് പ്രണയം ഹറാം എന്ന് വിധിച്ചു. അദേഹത്തിന് പ്രണയം സ്ത്രീപുരുഷ ബന്ധമാണ്. ഞാന്‍ എതിര്‍ത്തു. പ്രണയത്തിലാകുമ്പോള്‍ ആണോ പെണ്ണോ അല്ലാതാകുന്നു എന്ന് ഞാന്‍ .
അന്യസ്ത്രീകളെ നോക്കുന്നത് ഹറാം എന്ന് വീണ്ടും അദ്ദേഹം. അന്യസ്ത്രീകളെ മന്ത്രിച്ചു ഊതുന്നത്‌ ഹറാം അല്ലെ എന്ന് ഞാന്‍ .
വീണു തെമ്മാടിയെന്ന ചെല്ല പേര്. അവരെന്നെ ഭ്രാന്തനെന്നു മുദ്രകുത്തി, പള്ളിപ്പറമ്പില്‍ കാല്‍ കുത്തരുതെന്നു പുരോഹിതര്‍ ...
പള്ളിക്ക് മുന്നില്‍ തണല്‍ വിരിച്ചു നിന്ന മരങ്ങള്‍ വെട്ടാന്‍ തുടങ്ങിയവരെ തടഞ്ഞു. ആള്‍ക്കൂട്ടത്തില്‍ എന്റെ സ്വരം ഒറ്റയായി. മരംകൊണ്ട് യാതൊരു ഗുണവും ഇല്ലെന്നു സെക്രട്ടറി. ഇലകള്‍ പരാശക്തിയെ സ്മരിക്കുന്നുവെന്ന് ഞാന്‍. ഓരോ ഇലയും പ്രണയത്തിലെന്ന എന്റെ വാദം മറ്റ് ഒച്ചകള്‍ക്കിടയില്‍ മുങ്ങിപ്പോയി. നടക്കുമ്പോള്‍ ഓര്‍ത്തു, അയാള്‍ ആരുടെ സെക്രട്ടറിയാണ്, പള്ളിയുടെയോ പരാശക്തിയുടെയോ?
ഞാന്‍ ഒറ്റക്കായി... എങ്കിലും മീസാന്‍ കല്ലുകള്‍ കൂട്ടുണ്ടായിരുന്നു. ഞാന്‍ മീസാന്‍ കല്ലുകളോട് വരും വരായ്കകളെ കുറിച്ച് സംസാരിച്ചു. ഒരിക്കല്‍ നെഞ്ചുവിരിച്ചു നടന്നവര്‍ ഖബറില്‍ കിടക്കുന്നത് കല്ലുകള്‍ തുറന്നു കാട്ടി. എത്ര അഹങ്കരിച്ചിട്ടെന്തു മണ്ണിനു ഇരയാവാതെ ഒരുത്തനും ഖിയാമം നാള്‍ മറികടക്കാന്‍ ആവില്ലെന്ന് കല്ലുകള്‍ ...
ഒറ്റയായവനെയും തെറ്റാതെ നിഴല്‍ അനുഗമിക്കുന്നെന്നറിഞ്ഞു... ഞാന്‍ വഴിവിളക്കുകളോടും കാറ്റിനോടും സംസാരിച്ചു... ഭൂമിയെ സൃഷ്ടിച്ചു പുറം തിരഞ്ഞിരിക്കുന്ന പരാശക്തിയെ കണ്ടു. ഭൂമിക്കു ഞൊണ്ടി കൊതുകിനോളം വിലയില്ലെന്ന് ഇടയ്ക്കിടെ പരാശക്തി മന്ത്രിക്കുകയും...

നോക്കൂ,
ഞാനിന്നു ഖബറിലാണ്.
ചുറ്റും മണ്ണ് പൊത്തി ഉയര്‍ത്തിയിരിക്കുന്നു.
എന്റെ വീടിന്നു തീര്‍ഥാടക കേന്ദ്രം.
എന്നെ തേടി വരുന്ന കാലൊച്ചകള്‍
ശ്വാസം മുട്ടിക്കുന്നു.
പാതിരാവിനപ്പുറം കത്തുന്ന ചന്ദനത്തിരികള്‍
എന്റെ ഉറക്കം കെടുത്തുന്നു...
കാണിക്കയായി വന്നു വീഴുന്ന നാണയത്തുട്ടുകള്‍
എനിക്ക് ഭാരമാകുന്നു.
ജീവിച്ചിരുന്ന ഞാന്‍ അവര്‍ക്കൊരു ഭീതിയായിരുന്നു. മണ്ണടിഞ്ഞ ഞാന്‍ ആരാധ്യനും. ഇനി എന്റെ ഒച്ചകളെ ഭയക്കണ്ട. ഞാന്‍ ചൊല്ലിയത് വളച്ചൊടിച്ചു പുസ്തകമാക്കി വില്‍ക്കാം. എന്റെ ഖബറിടം സന്ദര്‍ശകരെ നിറച്ചു പണം വാരാം. ഞാനവര്‍ക്കൊരു കച്ചവട വസ്തു.
എങ്കിലും ഞാന്‍ മരിച്ചിട്ടില്ല. ഞാന്‍ കാത്തിരിക്കുന്നു, എന്റെ തുറന്ന കണ്ഡനാളം ഏറ്റെടുക്കാന്‍ മറ്റൊരു സഞ്ചാരിയെത്തും. അതുവഴി ഞാന്‍ സംസാരം തുടരുകയും. കാരണം ഞാന്‍ പ്രണയത്തിലാണ്.


വിത്തും കൈകോട്ടും... സ്വരം കിളിയില്‍ നിന്നുമല്ല, സെല്‍ഫോണ്‍ ഓക്കാനിക്കുന്നത് . കിളിയെവിടെ? ആ മധുരനൊമ്പരപെയ്ത്ത്...
'കോപ്പാണ് യാഹുവിലും ഓര്‍കുട്ടിലും ഞാന്‍ എന്റെ അന്നം കൊത്തും.' അതാണ്‌ നിന്റെ ഭാഷ.
'ലോറാ, വാലന്റയിന്‍ ഡേ ആഘോഷിക്കുമ്പോള്‍ വര്‍ഗീയതയുടെ അധിനിവേശത്തിന്റെ ദിനം തിരയുമെങ്കില്‍ ... ഞാന്‍ നിനക്കൊരു ഉമ്മ തരുന്നുണ്ട്...'
'ഛെ... '
'പുതുകാലത്ത് ഉമ്മകള്‍ അപ്രസക്തം.' ലോറ തുടര്‍ന്ന് : 'തെരുവില്‍ പാന്‍ പരാഗ് ചവച്ചു നിന്റെ മുഖത്തു തുപ്പാം. നാലാള്‍ കാണ്‍കെ ഞാന്‍ നിന്നെ ഇടിക്കാം.'
'നമുക്കെന്തും ആഘോഷം! ഗ്രീറ്റിങ്ങ് കാര്‍ഡ് ... സമ്മാന നിര്‍മ്മാതാവിന് അത് വേണം. ഒന്നാം ലോകത്തിന്റെ തീട്ടം കൌതുക വസ്തുവായി നമ്മുടെ കരങ്ങളിലേക്ക്...'
അച്ഛന്റെ പതിനാറടിയന്തിരത്തിന് കുറിപ്പടിക്കാന്‍ പോയ യദിയുരപ്പ പിന്നിലൊരു പരസ്യം കൊടുക്കാന്‍ തുനിഞ്ഞതില്‍ അപാകതയില്ല. ചത്തത്‌ അക്ഷര സ്നേഹി, കാലണക്ക് വകയില്ലാത്തവന്‍ ... അല്ലായിരുന്നെങ്കില്‍ അയാള്‍ക്ക്‌ ആ ഗതി വരില്ലായിരുന്നു. കൂറ് അക്കങ്ങളോട് ആയതു ആരുടെ ശാപം?
"അങ്ങനെ വേണം. കുറിയുടെ പിന്‍ ഭാഗം ഒഴിഞ്ഞാല്‍ നാഷണല്‍ വേസ്റ്റ് ആകും. പരസ്യം വകയില്‍ നല്ലൊരു തുക കിട്ടും. മനുഷ്യന്‍ യദിയുരപ്പയെ കണ്ടു പഠിക്കട്ടെ..." ലോറ പറഞ്ഞു.
പുതുവിപണിയുടെ സാദ്യത തിരഞ്ഞുകൊണ്ട്‌...
കവലയിലെ ബസ്സിലെക് യദിയുരപ്പ നിശ്വസിച്ചു. സ്കൂട്ടറില്‍ ലിഫ്ട് കിട്ടിയെങ്കില്‍ യാത്രാകൂലി ലാഭിക്കാം. പരേതനെ കടത്തില്‍ നിന്നും ഒഴിവാക്കാം.
തന്‍റെ മുഖത്തേക്ക് ലോറയുടെ കോട്ടുവാ... പാന്‍ പരാഗിന്റെ ബബിള്‍ഗത്തിന്റെ കലര്‍പ്പ്.


രാജാത്തി എന്ന സിനിമയില്‍ ബാല നടിച്ചിട്ടില്ല.... അവള്‍ നടിയോ സങ്കല്‍പ്പമോ എന്ന് തുടരെ ചര്‍ച്ചകള്‍ ... കക്ഷം വെളിവായ ബനിയനിട്ട്‌ കുളിക്കാതെ പല്ല് തേക്കാതെ വിയര്‍പ്പിന് മീതെ അത്തറ് പൂശി അവള്‍ .. അവളോ അതോ അവനോ? ഇറുകിയ ജീന്‍സില്‍ , അമേരിക്കന്‍ നിര്‍മിത ബനിയനില്‍ നെഞ്ചു തള്ളിച്ച് നടക്കുന്ന അവളെ ചിലപ്പോള്‍ ശങ്കയോടെ... ആണൊരുത്തി.. അങ്ങനെ ഒരു പേര് ആരില്‍ നിന്നാണാവോ? കുമാരനും ജോസപ്പും മൂസയും ഒരേ സ്വരത്തില്‍ ആവര്‍ത്തിച്ചു മതേതരത്വം ഉറപ്പിച്ചു...
പാച്ചുവിന്‍റെ കൊട്ടകയില്‍ അരികു പൊട്ടിയ ഫിലിം പെട്ടിയില്‍ ബാലയെ വായിച്ചത്...
അങ്ങിനെ ഒരാള്‍ ഉണ്ടെന്നു ചായക്കട ചര്ച്ച...
ഇല്ലെന്നും.....
ഞാനും പങ്കു ചേര്‍ന്നിട്ടുണ്ട്, മാറി നിന്നു ബീഡി വലിച്ച്... ആരും ഭ്രാന്തനെന്നു വിളിച്ചില്ല...
ആഗോളീകരണ കാലമാണ് ചായകടയെ തുരത്തിയത്.. പകരം മുളച്ച തട്ട് കടകള്‍ ... വിറ്റഴിഞ്ഞ പൊറോട്ടയും ചിക്കനും...
അപ്പോഴും പഴയ ചായക്കട ചര്‍ച്ച മനസാ തുടര്‍ന്ന്, ഞാനും തൊമ്മിയും പിന്നെ രവിയും ...
ഇന്ന് അവള്‍ ബിയറില്‍ നിന്നും വളര്‍ന്നിരിക്കുന്നു. മാതാ പിതാ ഗുരു ദൈവം എന്ന പദങ്ങള്‍ ചവിട്ടി ഞെരിച്ചു സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. പന്ത്രണ്ടു മണിക്ക് ശേഷം കവലയില്‍ കുടിച്ചു നൃത്തമാടാന്‍ അവള്‍ ശീലിച്ചിരിക്കുന്നു.
ഇനി ഞാന്‍ അവള്‍ എന്നിടത്തൊക്കെ അവനവള്‍ എന്ന് കുറിക്കട്ടെ...


ഹൂയി എന്ന ശബ്ദത്തോടെ ഏറ്റുന്ന ഓരോ ശവവും ഓരോ കിനാവ് പകരുന്നുണ്ട്...
കുടിച്ച ചാരായത്തിന്റെയും വലിച്ച കഞ്ചാവിന്റെയും ലഹരിയില്‍, ചിതയിലെക്കുള്ള ഓരോ ചുവടു വയ്പ്പിലും ഞാന്‍ പ്രജാപതി...
ഇന്നലെ,
...വള്ളി നിക്കറിട്ടു കരിമ്പന്‍ കയറിയ ഷര്‍ട്ടിട്ട് സ്കൂളിലേക്കുള്ള ദൂരത്തില്‍ അവജ്ഞയോടെ നോക്കിയവര്‍ക്കുള്ള മറുപടിയാണ്
എനിക്കിന്ന് തോട്ടിപ്പണി... ഞാന്‍ ഒരുക്കുന്ന വലയം ഓരോ ഉടലും വെന്തുരുകുമ്പോള്‍ ഓരോ പകയൊടുക്കലുണ്ട്...
ആപിളിന്റെ ഗുണഗണങ്ങള്‍ പാടി പുകഴ്ത്തിയ മാഷിനോട് ഒരു പക.
അതെ ആപ്പിള്‍ വിശപ്പകറ്റാന്‍ ഉതകുമെന്ന് പറഞ്ഞു തരാത്തതിന് മറ്റൊരു പക. പിന്നെ ക്ലാസ്സിനു വെളിയില്‍ ഫീസടക്കാന്‍ വകയില്ലാതെ നില്‍ക്കേണ്ടി വന്നതിനും...
നിന്റെ ഉടല്‍ എന്റെ മുതുകിലുരഞ്ഞു ലിങ്കത്തിന്റെ നനവേറ്റു വാങ്ങി നെഞ്ചൂക്കോടെ നടക്കുമ്പോള്‍ എന്നിലെ അഗ്നി ആളുന്നുണ്ട്‌...
ഓരോ പകയിലൂടെയും ഇന്നലെയെ എരിക്കുമ്പോള്‍ ഞാനും എരിഞ്ഞു തീരുന്നുണ്ട്‌...
എന്റെ സാമ്രാജ്യത്തില്‍ ഉയരുന്ന കെട്ടിടങ്ങള്‍ എന്റെ തന്നെ കിനാക്കളെ ചോദ്യം ചെയ്യുന്നുണ്ട്...
എങ്കിലും പടിയിറക്കപ്പെടുന്ന ഞാന്‍ നിനക്കും ചോദ്യ ചിഹ്നമാകുന്നത്
നാളെ
ഉടല്‍ ദഹിപ്പിക്കാന്‍ ആളെ കിട്ടാത്തിടത്താണ്... വംശ നാശം വന്ന എന്നെ നീ തിരഞ്ഞു നടക്കുമ്പോള്‍ ശവമൊന്നു വയ്ക്കാനുള്ള
ഇടം കൂടി കിട്ടാതെ...


എഴുതിയിട്ട് എന്ത് കിട്ടി അല്ലെങ്കില്‍ വായിച്ചിട്ട് എന്ത് കിട്ടി...
അത്തരം ചോദ്യങ്ങള്‍ അപ്രസക്തം. ഒരാള്‍ക്ക്‌ എല്ലാവരുടെയും അഭിരുചിക്കൊത്ത് എഴുതാന്‍ ആവില്ല. ബഷീറിനെ രുചിക്കാത്തവര്‍ , ഓ.വി.വിജയനെ, ആനന്ദിനെ , കോവിലനെ, എന്തിനു തകഴിയെ പോലും രുചിക്കാത്തവര്‍ നമുക്കിടയില്‍ ഉണ്ടല്ലോ.
എഴുത്ത്, ആത്മ സാക്ഷാല്‍ക്കാരം എന്ന വകുപ്പില്‍ പെടുത്തിയാല്‍ ആത്മാവിനു ശരിയായി തോന്നുന്നത് എഴുതി കൂടെ? അത് കവിത ആവട്ടെ, കഥയാവട്ടെ, നോവലോ മറ്റു എന്തുമാകട്ടെ, അതിനു നീളമോ വീതിയോ നോക്കേണ്ടതില്ല. ഒരു വരി കൊണ്ടും ഒരായിരം വരികള്‍ പണിയാം. വാക്കുകള്‍ക്കിടയിലെ മൌനത്തിലും വായനയുണ്ട്...
വായിച്ചിട്ട് ഒന്നും കിട്ടാതിരിക്കട്ടെ, എഴുതിയിട്ടും ഒന്നും കിട്ടാതിരിക്കട്ടെ. എഴുതിയ നേരം, വായിച്ച നേരം മാതൃഭാഷയുമായി പ്രണയത്തില്‍ ആവുന്നില്ലേ? അതുതന്നെ വലിയൊരു കാര്യമല്ലേ.. അവര്‍ ഭാഷയില്‍ പിച്ചവച്ചു വരട്ടെ, അവര്‍ നടക്കട്ടെ... വളരട്ടെ. അതിനു അവസരം ഒരുക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ എണീക്കാന്‍ ശ്രമിക്കുന്നവരെ തള്ളി ഇടാതിരിക്കുക.
മാതൃ ഭാഷ കൊല്ലപ്പെടുന്നു എന്ന് നാഴികക്ക് നാല്‍പ്പതു വട്ടം നിലവിളിക്കുന്ന സാഹിത്യ തമ്പുരാക്കന്മാര്‍ തന്നെയാണ് മാതൃഭാഷയെ കൊല്ലാന്‍ ശ്രമിക്കുന്നത്. ഈയിടെയായി ചിലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നത്, ഇ-മീഡിയയിലെ എഴുത്തുകാര്‍ക്ക്, പ്രത്യേകിച്ച് ഗള്‍ഫുകാര്‍ക്ക് ഗൃഹാതുരത്വത്തെ കുറിച്ച് മാത്രമേ എഴുതാനുള്ളൂ എന്ന്. എന്താ ഗൃഹാതുരത്വം അത്ര മോശം വിഷയമാണോ? രണ്ടോ മൂന്നോ പുസ്തകം ഇറങ്ങി കഴിഞ്ഞാല്‍ ചില ഇരിക്ക പിണ്ടങ്ങള്‍ ഗൃഹാതുരത്വം നിറഞ്ഞ സാഹിത്യം ഇറക്കുന്നുണ്ടല്ലോ! എന്തെ നമ്മുടെ ബാല്യം ഗൃഹാതുരത്വം അല്ലെ... പ്രശസ്ത സാഹിത്യകാരുടെ ഈള ഒലിപ്പിക്കുന്ന പ്രായം വായിച്ചു വായനക്കാര്‍ രസിക്കണം.


പ്രണയത്തെ സിംഹ ഭാവനയില്‍ വായിക്കുമ്പോള്‍ നീ ചിലപ്പോള്‍ ഞെട്ടിയേക്കാം. കാടിന് കാറ്റ് പിടിച്ചത് പോലെ നില്‍ക്കുകയും... ഏകാന്തത തകിടം മറിയുമ്പോഴാണല്ലോ സിംഹം അലറുക. എങ്കില്‍ കടലിന്റെ കോപത്തില്‍ എന്തോ ഇല്ലേ! പ്രണയത്തിനു പരിക്ക് പറ്റുമ്പോഴാണോ ഞാന്‍ കോപിക്കുക.
വനസ്ഥലിയില്‍ ഒറ്റക്കൊരു സിംഹം നില്‍ക്കുന്നു...
ഏറ്റവും ശാന്തമായ ഇടമെന്നു കണ്ടു പ്രണയം മേയുകയും..
ഇനി ഒന്ന് തിരിഞ്ഞു നോക്കുക,
ഒച്ചപ്പാടുകള്‍ നിറഞ്ഞ ആരാധനാലയങ്ങളിലേക്ക് നോക്കുക.
വേഷങ്ങള്‍ , യാന്ത്രികമായ നടത്തകള്‍ , ചേഷ്ടകള്‍ ...
ഉരുവിടുന്ന പദങ്ങള്‍ക്ക് പ്രാര്‍ത്ഥനയെന്ന് ചൊല്ല്.
കാട്ടിലൊരു പ്രണയം ചിരിക്കുന്നു. ഇലകളിലും തെരുവ് മേല്‍ക്കൂരയില്ലാത്ത വീടാക്കിയവരിലും പ്രണയം വസിക്കുന്നു...
പ്രണയം നഗരം വിട്ടിരിക്കുന്നു.


അധികാരത്തിന്റെ പരിസരങ്ങളില്‍ വര്‍ഗീയതയും ഭീകരതയുമുണ്ട്. ലോകത്തുള്ള സകല മതങ്ങളിലും അധികാരമോഹികള്‍ ഉണ്ട്. വര്‍ഗീയതയും. വര്‍ഗീയത, ഭീകരത എന്നത് ഒരു മതം തന്നെയാണ്. അതിന്റെ ഉയര്‍ച്ചക്ക് വേണ്ടി സാമ്രാജ്യത്വം പണം ഒഴുക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ സഹായം പറ്റി കൊഴുക്കുന്ന വര്‍ഗീയ ഭീകര വാദികള്‍ സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാന്‍ ബാധ്യസ്ഥമാണ്. മക്കാ മസ്ജിദില്‍ , അയോദ്ധ്യയില്‍ , അല്ലെങ്കില്‍ മറ്റു ഏതൊരു ആരാധനാലയത്തിലും ബോംബു വീണാല്‍ അതിന്റെ ഗുണം അനുഭവിക്കുന്നത് മേല്‍പ്പറഞ്ഞ വര്‍ഗീയ വാദികളും സാമ്രാജ്യത്വ ശക്തികളുമാണ്. ദുരന്തം അനുഭവിക്കുന്നത് സാധാരണക്കാരും. എന്നാല്‍ ഇവിടെ കലാപങ്ങള്‍ ഉണ്ടാകുമ്പോള്‍ എഴുത്തുകാരില്‍ ചിലര്‍ മതേതരര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും ഏതെങ്കിലും പക്ഷം പിടിക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ പോലും ഏതെങ്കിലും ഒരു പക്ഷത്തുനിന്ന് ചോര കുടിക്കുന്നു. ചിലര്‍ പറയുന്നു, ന്യൂനപക്ഷ വര്‍ഗീയത അപകടമെന്ന്. മറ്റുചിലര്‍ പറയുന്നു ഭൂരിപക്ഷ വര്‍ഗീയത അപകടമെന്ന്. വര്‍ഗീയത ഏതുമാകട്ടെ, അത് എതിര്‍ക്കപ്പെടെണ്ടത് തന്നെയാണ്.
വര്‍ഗീയതയും ഭീകരതയും സജീവമായ പ്രദേശങ്ങളില്‍ നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് അവിടെയെല്ലാം എഴുത്തും വായനയും തീരെ കുറവെന്ന്. ഗുജറാത്തും ഒറിസ്സയും മാറാടും അത് ശരിവക്കുന്നുണ്ട്. കലാപം കഴിഞ്ഞാല്‍ പിന്നെ മാധ്യമങ്ങളും മത രാഷ്ട്രീയ സംഘടനകളും തിരക്ക് കൂട്ടുക സ്വന്തം പാര്‍ട്ടിയിലോ മതത്തിലോ ഉള്ളവര്‍ എത്ര കൊല്ലപ്പെട്ടെന്ന്. മറുഭാഗത്ത് എത്ര ആള്‍ നാശവും സാമ്പത്തിക നാശവും വരുത്താന്‍ കഴിഞ്ഞെന്നുമാണ്. അതിനിടയില്‍ നാം മറന്നു പോകുന്ന ഒന്നാണ് രാഷ്ട്രീയ ഭീകരത. രാഷ്ട്രീയമായി പോലും ഒരാളെ വെട്ടി പരിക്കേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്നത് ഭീകരത തന്നെ. മനുഷ്യന് എന്നല്ല ഇതര ജീവികള്‍ക്ക് കൂടി ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭീകരതയാണ്.
കാശ്മീരിലേക്ക് തിരിയുമ്പോള്‍ അവിടെ കാശ്മീരികളെ, മുസ്ലീങ്ങളെ, പണ്ഡിറ്റുകളെ കാണുന്നു. എന്നാല്‍ മനുഷ്യന് എന്ത് സംഭവിച്ചെന്നു ഒരു നാവും പറയാറില്ല. എന്താ മനുഷ്യന്‍ ഇല്ലേ? ഈ ലോകത്ത് മനുഷ്യന്‍ എന്ന് അടയാളപ്പെടുത്തേണ്ട ഇടങ്ങളിലൊക്കെ ജാതി മത ചാപ്പ കുത്തിയാല്‍ മതിയെന്നോ?
ഇസ്ലാമിക തീവ്രവാദികളും ഹൈന്ദവ തീവ്രവാദികളും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. ഒരു കൂട്ടര്‍ അമ്പലത്തില്‍ പോകുന്നു. മറ്റേ കൂട്ടര്‍ പള്ളിയില്‍ പോകുന്നു. അല്ലാതെന്ത്. രണ്ട്‌ ദുര്‍ഭൂതങ്ങളും ശപിക്കപ്പെട്ടവര്‍ തന്നെ. ഭീകരതയെ എതിര്‍ക്കുന്നവര്‍ എന്താണ് ഭീകരത എന്ന് കൃത്യമായി അടയാളപ്പെടുത്തുന്നില്ല. ഭീകരതയ്ക്ക് എതിരെ ഇറങ്ങിതിരിക്കുന്നവര്‍ ഏതെങ്കിലും ചട്ടക്കൂടിന്റെ അടിമയായിരിക്കും. അതുകൊണ്ട് സത്യസന്തമായ ഒരു വിലയിരുത്തല്‍ പലപ്പോഴും നമുക്ക് ലഭിക്കാതെ പോകുന്നു.
ഭീകരത എന്നാല്‍ മനുഷ്യനോ സസ്യ ജലാദികള്‍ക്കോ പക്ഷി മൃഗാദികള്‍ക്കോ ആപത്തുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യല്‍ . അത്തരം ആപത്തിലേക്ക് നയിക്കുന്ന സംവാദം പോലും ഭീകരതയായി കാണുക. എങ്കില്‍ ഇന്ന് സമാധാനത്തിന്റെ അപ്പസ്തലനായി രംഗത്ത് വന്നിട്ടുള്ള അമേരിക്കയെ മേല്‍ സൂചിപ്പിച്ച നിര്‍വചനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. ഹിരോഷിമയും നാഗാസാക്കിയും നമുക്ക് മുന്നിലുണ്ട്. വിയറ്റ്‌നാമിലെ കൂട്ടകുരുതിയും അവിടെ പ്രയോഗിച്ച ഓറഞ്ചു ബോംബും ഭീകരതയോ സമാധാനമോ?
ഇന്ന് നമുക്ക് മുന്നിലേക്ക്‌ വന്നിരിക്കുന്നത് ജനിതക മാറ്റം എന്ന രൂപത്തിലും… ജനിതകവിത്ത് നാലാം ലോകത്ത് വിതച്ചേക്കാവുന്ന ദുരന്തം ഏറ്റവും ഭീകരമാകും. ഒരു ഓറഞ്ചു ബോംബിനെക്കാള്‍ മാരകമായി അത് നാലാം ലോകത്തെ കൊന്നൊടുക്കും. ജനിതക വിത്തിലൂടെ ലഭിക്കുന്ന ധാന്യം ഭക്ഷിച്ചാല്‍ മാരകമായ രോഗം ബാധിക്കുമെന്നു ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുള്ളതാണ്. അതെ രോഗത്തിന് മരുന്നുമായി സാമ്രാജ്യത്വ ശക്തി തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഫലത്തില്‍ വിത്തും രോഗവും രോഗ ശാന്തിക്കായുള്ള മരുന്നും ഒരേ ശക്തിയുടെ കൈകളില്‍ എത്തിച്ചേരും. അവര്‍ വിതക്കുന്നു അവര്‍ തന്നെ വിളവെടുക്കുന്നു. നാലാം ലോകമെന്നത് വെറും ഗിനിപ്പന്നികളോ? അങ്ങനെ പടിപടിയായി നമ്മെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുകയും ചെയ്യാം എന്ന ഗൂഡാലോചനയുടെ ഫലമല്ലേ ജനിതക മാറ്റം എന്ന നവ സാമ്രാജ്യത്വ ഭീകരത.


സാഹിത്യത്തിലെ പക്ഷങ്ങളും പക്ഷങ്ങളുടെ രാഷ്ട്രീയവും ജീര്‍ണതക്ക് വളം വയ്ക്കുന്നു. ദളിത്‌, സവര്‍ണ, മാപ്പിള, നസ്രാണി, ആണ്‍ പെണ്ണെഴുത്തുകള്‍ …. ഇങ്ങനെ സാഹിത്യത്തെ കളങ്ങളിലേക്ക് തരം താഴ്ത്തുന്നതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് ചോദിച്ചാല്‍ പരസ്യമായി ഉത്തരം ഇല്ലെങ്കിലും ചിലരുടെ സ്വകാര്യതകളില്‍ അതിനു ഉത്തരമുണ്ട്. സംവരണം കൊണ്ട് എന്തെങ്കിലും ഒക്കെ നേടാമെന്ന വിചാരത്തോടെയാണ് പലരും ക്ലിക്കുകളില്‍ പെടുന്നത്. ചിലര്‍ക്ക് കസേരകള്‍ തരപ്പെടാം, ചില കുറുക്കു വഴികളിലൂടെ അവാര്‍ഡോ പ്രശസ്തിയോ ലഭിച്ചേക്കാം. അത്തരം കുറുക്കു വഴികള്‍ കൊണ്ടുള്ള നേട്ടം ക്ഷണികമാണ്. കാലം അതിനെ തകിടം മറിക്കുക തന്നെ ചെയ്യും.
പ്രശസ്തി വേണ്ടെങ്കില്‍ കവിതയും മറ്റും എഴുതി പ്രസിദ്ധീകരണങ്ങള്‍ക്ക് കൊടുക്കുന്നത് എന്തിനെന്നു, പുസ്തക രൂപത്തില്‍ ആക്കുന്നത് എന്തിനെന്നു ചില വരട്ടു ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. എഴുത്ത് സമൂഹത്തില്‍ വെളിച്ചം വീഴ്ത്തുന്നതിനു വേണ്ടിയാവണം.
പക്ഷങ്ങളുടെ തടവറകളില്‍ ഒതുങ്ങി പോകുന്ന എഴുത്തുകാര്‍ സാഹിത്യ സാംസ്കാരിക പരിസരങ്ങളില്‍ മലിനത കൊരിയുടുന്നു. മൂപ്പ് നോക്കുകയാണെങ്കില്‍ മനുഷ്യന്‍ തന്നെ മുന്നിട്ടു നില്‍ക്കുന്നു. അതിനു എത്രയോ മൂത്തതാണ് പ്രകൃതി. മനുഷ്യന്‍ ഉണ്ടായ ശേഷമാണല്ലോ മതവും സാഹിത്യവും ഒക്കെ ഉണ്ടായത്. മനുഷ്യര്‍ക്കിടയില്‍ കണ്ടു വരുന്ന പ്രവണത ശേഷം ഉണ്ടായതിനു വേണ്ടി ആദ്യം ഉണ്ടായതൊക്കെ തകര്‍ക്കുന്നു. എഴുത്ത് മനുഷ്യന് വേണ്ടി മാത്രമല്ല പ്രകൃതിക്ക് കൂടി വേണ്ടിയാവണം. നിരാശാജനകമെന്ന് പറയാതെ തരമില്ല, മനുഷ്യര്‍ക്കോ പ്രകൃതിക്കോ വേണ്ടി എഴുതാന്‍ ആളില്ലാതാവുന്നു.
പതിറ്റാണ്ടുകളായി എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി എഴുത്തുകാര്‍ എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഉത്തരമില്ല.
കക്ഷി രാഷ്ട്രീയക്കാര്‍ മനുഷ്യനെ നിരാശയിലാഴ്ത്തിയ കാലത്തിലൂടെയാണ്‌ നാം കടന്നു പോകുന്നത്. വൈകാതെ ആരാഷ്ട്രീയതയിലേക്കും ഫാഷിസത്തിലെക്കും മനുഷ്യന്‍ കൂപ്പു കുത്തും. അതിനു മുമ്പ് എഴുത്തുകാര്‍ ഉണരെണ്ടിയിരിക്കുന്നു. എഴുത്ത് രാഷ്ട്രീയ പ്രവര്‍ത്തനമാണ് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി ഇത്രമാത്രം :
‘മനുഷ്യനും പ്രകൃതിക്കും വേണ്ടി എഴുതുക. തലമുറകള്‍ തോറും കൈമാറാന്‍ വെളിച്ചം പകരുക…’


കാറ്റ് മണല്‍ കൂമ്പാരമേറ്റുമ്പോള്‍ ഞാനറിയുന്നു, ഈ നിമിഷത്തെ പണിതുയര്‍ത്തുകയാണെന്ന്. ഇന്നലെ പണിത കൂമ്പാരം നിരപ്പാക്കി ഇന്നലെ എന്നൊന്നില്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഇന്നോ നാളെയില്‍ ഇന്നലെയായി മാറുകയും. എന്നാല്‍ നാളെ എന്നൊന്നില്ല. നാളെകള്‍ നമ്മുടെ സങ്കല്‍പ്പത്തിന്റെ സൃഷ്ടി. തിരിഞ്ഞു നോക്കുക, ആര്‍ക്കെങ്കിലും ഇന്നലെയെ മടക്കി കൊണ്ടുവരാന്‍ പറ്റുമോ? നാളെയെ എടുത്തു ഈ നിമിഷത്തില്‍ വയ്ക്കാന്‍ കഴിയുമോ? നമുക്കതിനു കഴിയില്ലെങ്കില്‍ അങ്ങനെ ഒന്ന് ഉണ്ടെന്നു പറയുന്നത് എങ്ങനെ.

പ്രണയത്തിന് അങ്ങനെയുണ്ടോ? അത് ജനിക്കുകയോ മരിക്കുകയോ ഇല്ല. അത് ആദിയോ അന്തമോ ഇല്ലാതെ; തുടര്‍ച്ചയാകുന്നു. അതിനു സ്ഥിരമായി താവളമില്ല.
എങ്കിലും അത് അതിന്റെ ഇടത്ത് തന്നെ. ഉടലുകളുടെ ലോകത്ത് അതിനെ കണ്ടെത്താനാവില്ല.

പ്രണയം അനുഭവിക്കാന്‍
ആഗ്രഹത്തെ കുഴിച്ചു മൂടുക.
ആത്മീയമോ ഭൌതികമോ ആകട്ടെ
ആഗ്രഹം വിഷം ഉല്‍പ്പാദിപ്പിക്കുന്നു,
വഴി തെറ്റിക്കുകയും.
പ്രണയത്തെ ആഗ്രഹിക്കുന്നതെന്തിന്,
കാത്തിരിക്കുക പോലുമരുത്,
അത് വന്നുകൊള്ളും.

പ്രണയം തേടുന്നവര്‍ അകത്തേക്ക് നോക്കട്ടെ. ഏറ്റവും അകത്തേക്ക് ചലിച്ചു കൊണ്ടിരിക്കുക. ഉള്ളിയുടെ തോട് ഉരിയുന്നത് പോലെ സ്വയം ഉരിയുക. എങ്കില്‍ ആ അകക്കാമ്പിലെത്താം. അവിടെ എത്തുന്നതോടെ വെട്ടത്തിന്റെ ഉറവ പൊട്ടി ചിതറുന്നു. പിന്നെയത് മഴയായി നമ്മില്‍ നിറയുകയും...


പ്രണയമെന്ന വിഷയത്തിലൂടെയും ആത്മാവിന്റെ കാണാ കയങ്ങളിലേക്ക് സഞ്ചരിക്കാം... ഉടലിന്റെത് പോലെ ആത്മാവിന്റെ വിശപ്പും.. ഇന്ന വിഷയത്തെ കുറിച്ച് എഴുതണമെന്നു വാശി പിടിക്കാന്‍ ആവില്ല. ഓരോരുത്തരും അവര്‍ക്ക് ഇണങ്ങുന്ന ശൈലി സ്വീകരിക്കുന്നു. എഴുത്തിന്റെ പാതയില്‍ ശൈലി മാറുകയും... കവി താന്‍ ജീവിക്കുന്ന കാലത്തെ രേഖപ്പെടുത്തെണ്ടവന്‍ /വള്‍ തന്നെ. എന്ന് കരുതി എഴുതി തുടങ്ങുന്ന ആള്‍ ഒ.എന്‍.വി ആയും സുഗതകുമാരിയായും തുടങ്ങണം എന്ന് പറയരുത്.എന്റെ വായന തുടങ്ങിയത് പൈങ്കിളിയുടെ പരിസരത്തു നിന്നുമാണ്. ഡിക്ടടിവ് നോവലുകളും മഞ്ഞ പുസ്തകങ്ങളും എന്നെ മോഹിപ്പിച്ചിട്ടുണ്ട്‌. ഏതോ പാതയിലാണ് എന്റെ വായന മറ്റൊരു വഴിക്ക് തിരിഞ്ഞത്..
എല്ലാരും അങ്ങനെ പൈങ്കിളിയിലൂടെ സഞ്ചരിച്ചു നല്ല വായനയില്‍ എത്തണം എന്നല്ല പറഞ്ഞു വരുന്നതിന്റെ അര്‍ഥം. ഓരോ വ്യക്തിയും തങ്ങളുടെ വഴിയെ സഞ്ചരിച്ചു ഓരോ ഇടത്ത് എത്തുന്നു...
ഏത് തരത്തിലുള്ള എഴുത്ത് ആയാലും അത് വായനക്കാര്‍ക്ക് വേണ്ടിയാണ്.. രുചികള്‍ പല തരം...
കപ്പ കഴിക്കുന്നവര്‍ അത് കഴിക്കട്ടെ, നരകത്തിലെ കോഴിയെ കഴിക്കണം എന്നുള്ളവര്‍ക്ക് അതും ആകാം.
എഴുതുക. എഴുത്തിന്റെ പാതയില്‍ ഇടയ്ക്കു തിരിഞ്ഞു നോക്കുക. ഇന്നലെ എഴുതിയതില്‍ നിന്നും എന്റെ എഴുത്ത് കുറച്ചു കൂടി മികച്ചത് ആയിട്ടുണ്ടോ എന്ന് തിരയുക. കുറച്ചു കൂടി നന്നാക്കാന്‍ ശ്രമിക്കുക.
എഴുതുന്ന സൃഷ്ടി ഒരാഴ്ചയെങ്കിലും കഴിഞ്ഞു അതിലേക്കു ഒന്ന് കണ്ണോടിക്കുക. വിമര്‍ശന ബുദ്ധിയോടെ തന്റെ സൃഷ്ടിയെ സമീപിക്കുക. അത് ഇങ്ങനെ തന്നെയാണോ എഴുതേണ്ടിയിരുന്നത്, മറ്റൊരു രീതിയില്‍ എഴുതാന്‍ പറ്റുമോ എന്ന് നോക്കുക. എഴുതി കഴിഞ്ഞാല്‍ നല്ലൊരു വായനക്കാരനെ/കാരിയെ കൊണ്ട് വായിപ്പിക്കുക. അവരുടെ അഭിപ്രായം എന്തെന്ന് അറിയുക. കഴിവതും മറ്റു എഴുത്തുകാരെ കൊണ്ട് വയിപ്പിക്കാതിരിക്കുക. എഴുത്തുകാര്‍ ചിലപ്പോള്‍ വഴി തെറ്റിച്ചേക്കാം. നല്ലൊരു വായനക്കാരനെയോ വായനക്കാരിയെയോ വിശ്വസിക്കാം. നാം എഴുതുന്നത്‌ വായനക്കാര്‍ക്ക് വേണ്ടിയാണ്..
വിമര്‍ശനങ്ങളില്‍ പതറരുത്. വിമര്‍ശനം വരുമ്പോള്‍ വേദനിക്കും. എവിടെ നിന്നെങ്കിലും വേദന ഏറ്റു വാങ്ങേണ്ടി വരുമ്പോള്‍ എഴുത്തിനെ ശപിച്ചു കടന്നു കളയരുത്. വേദനിക്കട്ടെ, ആ വേദനയില്‍ നിന്നും വാശി ഉണ്ടാവണം. ഞാന്‍ നന്നായി എഴുതി വിമര്‍ശകന്റെ വായടപ്പിക്കും എന്നൊരു വാശി..
നാം ആരുടെ അഭിപ്രായം തിരഞ്ഞാലും നമുക്കൊരു അഭിപ്രായം ഉണ്ടാവണം. നമ്മുടെതായ കാഴ്ചപ്പാട് ഉണ്ടാവണം. നാം മറ്റൊരാള്‍ പറയുന്ന രീതിയില്‍ എഴുതാന്‍ നിന്നാല്‍ നാം അയാളാവും. നാമാവില്ല..
വി.കെ.എന്‍ പറഞ്ഞത് എപ്പോഴും ഉള്ളില്‍ സൂക്ഷിക്കുക: ' കലാ സാഹിത്യകാരെ നമ്പരുത്. അവര്‍ അസൂയയുടെയും കുനിഷ്ടിന്റെയും കേന്ദ്രമാണ്...'
നാം അങ്ങനെ ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക...

Followers

About The Blog


MK Khareem
Novelist